Tuesday 26 July 2016

ഇന്ന് കാർഗിൽ വിജയ ദിവസ്

1999 മെയ് മൂന്ന്, ഭാരതത്തിന്റെ വടക്കേ അതിർത്തിയിൽ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരുടെ സാന്നിദ്ധ്യം ആട്ടിടയന്മാരാണ് സൈന്യത്തെ അറിയിക്കുന്നത്. ഇതേത്തുടർന്ന് സൈന്യം അയച്ച നിരീക്ഷണസംഘത്തിൽ അഞ്ചു പേർ പാകിസ്ഥാൻ പിടിയിലകപ്പെടുകയും അവരെ കൊലചെയ്ത് വെല്ലുവിളി മുഴക്കുകയും ചെയ്തുകൊണ്ട് പാകിസ്ഥാൻ എന്ന എക്കാലത്തെയും ലോകശത്രു കാർഗിൽ യുദ്ധത്തിന് ആരംഭം കുറിക്കുകയായിരുന്നു.
ഭാരതത്തിന്റെ നയതന്ത്രപരമായ എല്ലാ അനുനയശ്രമങ്ങളേയും കാറ്റിൽപ്പറത്തി, നൂറ്റിയിരുപതു കോടി ജനങ്ങളുടെ ആത്മാഭിമാനത്തിനും, ജീവനും വിലയിടാനുള്ള പാകിസ്ഥാന്റെ ശ്രമത്തിന് മറുപടി കൊടുക്കാൻ ഭാരതം നിർബന്ധിതമാവുകയായിരുന്നു. തുടക്കത്തിൽ, ഈ കടന്നാക്രമണം തങ്ങളുടെ അറിവോടെയല്ല എന്ന് ആവർത്തിച്ചു പറയാൻ പോന്ന ഭീരുത്വമാണ് പാകിസ്ഥാൻ ഭരണകൂടം കാണിച്ചത്. എന്നാൽ, കാർഗിൽ ആക്രമണത്തിൽ പാകിസ്ഥാൻ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പങ്ക് ഒന്നൊന്നായി ലോകം അറിഞ്ഞു കൊണ്ടിരുന്നു.  അനിഷേദ്ധ്യമായ തെളിവുകൾക്കു മുൻപിലും നാളിതുവരെ കാർഗിൽ യുദ്ധത്തിൽ തങ്ങളുടെ നീചസാന്നിദ്ധ്യം അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറാവാതിരുന്നതും ലോകജനതതിയെ തീവ്രവാദത്തിന്റെ ഇരുണ്ട കരങ്ങൾ കൊണ്ട് കീഴടക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രത്തിന്റെ അധഃപ്പതിച്ച നയവ്യവസ്ഥയുടെ ഉദാഹരണമാണ്.
കനത്ത നാശനഷ്ടങ്ങളാണ് ഇരുരാജ്യങ്ങൾക്കും കാർഗിൽ യുദ്ധം വരുത്തി വച്ചത്. ഭാരതത്തിന് ഇത് ചെറുത്തു നിൽപ്പിന്റെയും, ആത്മാഭിമാനത്തിന്റെയും, രാജ്യസുരക്ഷയുടെയും പ്രശ്നമായിരുന്നെങ്കിൽ, പാകിസ്ഥാന് കേവലം ആക്രമണോത്സുകതയുടെയും, അധിനിവേശത്തിന്റെയും, ധാർഷ്ട്യത്തിന്റെയും, രാഷ്ട്രവെറിയുടെയും മാത്രം പ്രശ്നമായിരുന്നു.
കേവലം പതിനെട്ടാമത്തെയോ പത്തൊൻപതാമത്തെയോ വയസ്സിൽ രാഷ്ട്രസൈന്യമെന്ന ഉരുക്കുകോട്ടയുടെ നാഡീസ്പന്ദനങ്ങളായി മാറിയ ധീരയോദ്ധാക്കൾ നിരവധി പൊലിഞ്ഞു വീണു, കാർഗിലിന്റെ മഞ്ഞുറഞ്ഞ ഗിരിനിരകളിൽ. ത്രിവർണ്ണപതാകയിൽ പുതച്ചവരെത്തിയപ്പോൾ, ഭാരതമണ്ണിലുയർന്ന ഭാരത് മാതാ കീ ജയ് എന്ന ദേശസ്നേഹത്തിന്റെ ജീവമന്ത്രധ്വനിയോടൊപ്പം, ആ ധീരദേശാഭിമാനികളുടെ ചിതാഗ്നിയെ ആത്മാവിൽ പേറി അളവില്ലാത്തത്ര യുവത്വങ്ങൾ രാജ്യമൊട്ടുക്കു നടന്ന ആർമി റിക്രൂട്ട്മെന്റ് ക്യാമ്പുകളിലേയ്ക്ക് സമുദ്രമെന്ന പോലെ ഇരച്ചു ചെന്നു. കാർഗിൽ യുദ്ധം നടക്കുന്ന വേളയിൽ തിരുവനന്തപുരം പാങ്ങോട് ആർമി ക്യാമ്പിൽ നടന്ന റിക്രൂട്ട്മെന്റ് റാലിക്ക്, കേവലം രണ്ടായിരം ഒഴിവുകളിലേയ്ക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. ശത്രുവിന്റെ മുന്നിൽ പകച്ചു പോകാത്ത ഭാരതീയയുവത്വങ്ങളുടെ ദേശബോധത്തിൽ അഗ്നിപകർന്നു കൊണ്ടാണ് ഓരോ സൈനികനും ആ യുദ്ധഭൂമിയിൽ തന്റെ രക്തം കൊണ്ട് ഭാരതാംബയ്ക്ക് തർപ്പണം ചെയ്തത്. ജനകോടികളുടെ ഹൃദയക്ഷേത്രങ്ങളിൽ ജീവരക്തം കൊണ്ട് തങ്ങളുടെ അനശ്വരസ്മാരകം തീർത്ത് അവർ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
കാർഗിൽ യുദ്ധഭൂമിയിൽ, ഭാരതസൈന്യത്തിന്റെ വെടിയേറ്റു വീണ പാകിസ്ഥാൻ പട്ടാളക്കാരുടെ വിധി മറ്റൊന്നായിരുന്നു. അവരുടെ മൃതശരീരങ്ങൾ ഏറ്റു വാങ്ങാൻ പോലും മനുഷ്യത്വം തൊട്ടു തീണ്ടാത്ത ആ രാഷ്ട്രഭരണകൂടം തയ്യാറായില്ല. അത് ഏറ്റുവാങ്ങുന്നത് കാർഗിൽ യുദ്ധത്തിലെ തങ്ങളുടെ പങ്ക് അംഗീകരിക്കുന്നതിനു തുല്യമാകും എന്നതും പാകിസ്ഥാനെ, തങ്ങളുടെ ആജ്ഞയെ ശിരസാ വഹിച്ചു ജീവൻ കളഞ്ഞ പൗരന്റെ മൃതശരീരം ഏറ്റു വാങ്ങുന്നതിൽ നിന്നും പിൻതിരിപ്പിച്ചിരിക്കാം.
അവിടെയും, ലോകാസമസ്താ സുഖിനോ ഭവന്തു എന്ന ശാന്തിപാഠം ഉരുവിട്ടുണർന്ന ഒരു ജനതയുടെയും, അവർക്കു കാവൽ നിൽക്കുന്ന സൈന്യത്തിന്റെയും ഉന്നതമായ മനോഗുണം ലോകരാഷ്ട്രങ്ങൾ കണ്ട് ആശ്ചര്യപ്പെട്ടു. പാകിസ്ഥാൻ ഏറ്റുവാങ്ങാത്ത ഓരോ പാകിസ്ഥാൻ പടയാളിയുടെയും മൃതദേഹങ്ങൾ, ഇസ്ലാമികവിധിപ്രകാരം തന്നെ ഭാരതസൈനികർ ഖബറടക്കി. ഇവിടെ, ഭാരതമണ്ണിൽ… ഒരു നീചബുദ്ധിയുടെ പതാകാവാഹകരായി ഭാരതമണ്ണിൽ കടന്നെത്തിയ ആ സൈനികർ ഈ മണ്ണിൽ അന്ത്യവിശ്രമം കൊണ്ട് ധന്യരായി!
ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കിയ സൈനികനടപടിയായിരുന്നു കാർഗിലിലേത്. ഇരുരാഷ്ട്രങ്ങളും ആണവശക്തി സ്വായത്തമാക്കിയതിനു ശേഷം നടന്ന ആദ്യയുദ്ധം. യുദ്ധം ശക്തിപ്രാപിക്കവേ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ 1999 ജൂൺ 15ന് ഭാരതത്തിൽ നിന്നും പുറത്തു പോകുവാൻ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.
നിയന്ത്രണരേഖയ്ക്ക് സമാന്തരമായി 160 കിലോമീറ്റർ വ്യാപ്തിയിൽ കിടന്ന അതിർത്തിപ്രദേശത്തു നടന്ന ദ്രാസ് സെക്ടറിലെ തോലോലങ്ങ്, ടൈഗർഹിൽ, ബദാരക്കിലെ ജുബ്ബാർ കുന്നുകൾ തുടങ്ങിയ ഇടങ്ങളെല്ലാം പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ നിന്നും ഭാരതത്തിന്റെ വീരപുത്രന്മാർ ഒന്നൊന്നായി തിരിച്ചുപിടിച്ചു കൊണ്ടിരുന്നു. ആയുധവും, ആൾബലവും വലിയ തോതിൽ ഭാരതത്തിനു ചിലവിടേണ്ടി വന്നു. മലമുകളിലെ സുരക്ഷിതസ്ഥാനങ്ങളിൽ നിന്നും താഴേയ്ക്കു ഷെല്ലിംഗ് നടത്തിയിരുന്ന പാകിസ്ഥാൻ സൈന്യത്തോട് തുറന്ന സ്ഥലങ്ങളിൽ നെഞ്ചു വിരിച്ചു നിന്നു പോരാടിയ ഭാരതസൈന്യത്തിന് നിരവധി യോദ്ധാക്കളെയാണ് നഷ്ടമായത്. ഭാരതീയ വായു സേനയുടെയും, കരസേനയുടെയും സംയുക്ത ആക്രമണത്തിനു മുന്നിൽ പക്ഷേ, പാകിസ്ഥാന്റെ അംഗബലവും, സാമ്പത്തികവ്യവസ്ഥിതിയും, ആയുധബലവും താറുമാറായി. ആത്യന്തികമായി കാർഗിൽ യുദ്ധം ഭാരതത്തിനു ധർമ്മയുദ്ധവും, പാകിസ്ഥാണ് ധാർമ്മികതയുടെയും, യുദ്ധനൈതികതയുടെയും സകല സീമകളും ലംഘിച്ച അധർമ്മസ്ഥാപനമെന്ന ലക്ഷ്യവുമായിരുന്നു.
പൊലിഞ്ഞു വീണ ഓരോ യോദ്ധാവും ഒരായിരം യോദ്ധാക്കൾക്ക് ഊർജ്ജവും ഊഷ്മാവും പകർന്നു ജ്വലിച്ചു നിന്നു. അഖണ്ഡഭാരതത്തിന്റെ അത്യുജ്ജ്വലമായ ഇച്ഛാശക്തിയും, ആത്മബലവും പ്രഘോഷണം ചെയ്തുകൊണ്ട്, അവരുടെ ചിതാഗ്നിയെ സാക്ഷിയാക്കി അവരെ നൊന്തു പെറ്റ അമ്മമാർ പോലും ഭാരത് മാതാ കീജയ് വിളിച്ചപ്പോൾ അതൊരു രാഷ്ട്രത്തിന്റെ ധീരോദാത്തമായ പാരമ്പര്യത്തിന്റെ വിളംബരം കൂടിയായി.
കാർഗിൽ യുദ്ധം അവസാനിച്ച് വർഷങ്ങൾക്കു ശേഷം പുറം‌ലോകമറിഞ്ഞ സൈനികരഹസ്യമായിരുന്നു, ഭാരതം ആ സമയം പാകിസ്ഥാനെ ലക്ഷ്യം വച്ച് അഞ്ച് ആണവപോർമുനകൾ സജ്ജമാക്കി നിർത്തിയിരുന്നു എന്നത്. ആദ്യം ആണവായുധമെടുക്കില്ല എന്ന സാംസ്കാരികമാന്യതയിലൂന്നിയ ശപഥം ഭാരതം പാലിച്ചില്ലായിരുന്നുവെങ്കിൽ, ഇന്ന് പാകിസ്ഥാൻ ഈ ഭൂമുഖത്തുണ്ടാകുമായിരുന്നില്ല. ലോകതീവ്രവാദത്തിന്റെ ഈറ്റില്ലമായി, ലോകരാഷ്ട്രങ്ങൾക്കു വെല്ലുവിളിയായി ഇന്ന് ആ രാജ്യം അവശേഷിക്കുന്നുവെങ്കിൽ അത് 1999ൽ ഭാരതമെന്ന ധർമ്മരാഷ്ട്രവും, അതിന്റെ സാരഥ്യം വഹിച്ചിരുന്ന അടൽബിഹാരി വാജ്പേയ് എന്ന സൗമ്യനും, ശാന്തനും, സമാധാനപ്രിയനുമായ ഭരണാധികാരിയും നൽകിയ ദയാദാക്ഷിണ്യത്തിന്റെ ഔദാര്യം മാത്രമാണ്.
ഒടുവിൽ, 1999 ജൂലൈ 26ന്,  “ഒന്നുകിൽ അതിർത്തിയിൽ ത്രിവർണ്ണപതാക പാറിച്ചു ഞാൻ തിരികെയെത്തും, അല്ലെങ്കിൽ ത്രിവർണ്ണപതാക പുതച്ചു ഞാനെത്തും“ എന്ന് ശപഥം ചെയ്ത ബിക്രം ബത്രയെപ്പോലെ നിരവധി ധീരദേശാഭിമാനികളുടെ ജീവരക്തം വീണു കുതിർന്ന കാർഗിൽ മലനിരകളിൽ ചരിത്രവിജയത്തിന്റെ അഭിമാനപതാക; അതേ ഭാരതത്തിന്റെ മൂവർണ്ണക്കൊടി വിജയഭേരി മുഴക്കിക്കൊണ്ട് പാറിപ്പറന്നു. അതു തീർത്ത ഓരോ അലയൊലികളിലും രാഷ്ട്രത്തിനു രക്തം കൊണ്ടു പുഷ്പാഞ്ജലി ചെയ്ത ധീരജവാന്മാരുടെ ജ്വലിക്കുന്ന മുഖങ്ങൾ അദൃശ്യസാന്നിദ്ധ്യം കൊണ്ടു.
അതേ ഇന്ന്, കാർഗിൽ വിജയദിനം. ഭാരതം എന്ന മൂന്നക്ഷരത്തിന്റെ അതിർത്തിക്കുള്ളിൽ ജ്വലിച്ചുണർന്നു നിൽക്കുന്ന ആത്മാഭിമാനത്തിന്റേയും, ധീരതയുടേയും, നിശ്ചയദാർഢ്യത്തിന്റേയും പ്രൗഢോജ്വലമായ വിജയദിനം. ഭാരതത്തിലെ ഓരോ ദേശാഭിമാനികളായ പൗരന്മാർക്കുമൊപ്പം, ഭാരതാംബയ്ക്കു സ്വജീവൻ നൽകിയ ധീരജവാന്മാർക്ക് ഭാരത് മാതാ കീ ജയ്

Thursday 21 July 2016

ചാന്ദ്രദിന ആഘോഷങ്ങള്‍

കാഞ്ഞിരമുക്ക് പി.എന്‍.യു പി വിദ്യാലയത്തിലെ ചാന്ദ്രദിന ആഘോഷങ്ങള്‍ വിപുലമായി ആചരിച്ചു . പ്രധാനാധ്യാപിക സത്യഭാമ, സയന്‍സ് അധ്യാപികമാരായ ,സ്മിത ഉഷ, കൃഷ്ണജ , എന്നിവര്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി .ബഹിരാകാശ യാത്രയുടെ വിശദാംശങ്ങള്‍ ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ച കുട്ടികള്‍ വിശദീകരിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവം ആയി. ഗൌരി നന്ദന തയ്യാറാകിയ ചാന്ദ്രദിന പതിപ്പ് സ്കൂള്‍ ലീഡര്‍ക്ക് നല്‍കി പ്രധാനാധ്യാപിക പ്രകാശനം ചെയ്തു .ജോസ് മാസ്റര്‍ സിന്ധു ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു