തങ്ങള്‍ക്ക് അമൃതതുല്യമാകുന്ന മുതിര്‍ന്നവരുടെ വാക്കുകളും സ്പര്ശങ്ങളും ലൈംഗികോദ്ദേശ്യത്തോടെയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയില്ലല്ലോ. അതിനാല്‍ എല്ലാറ്റിനെയും പേടിക്കുക, എല്ലാറ്റിനെയും വെറുക്കുക, എല്ലാറ്റിനെയും തിരസ്‌കരിക്കുക എന്നതായിരിക്കും അവര്‍ക്ക് ഉരുത്തിരിച്ചെടുക്കാവുന്ന പെരുമാറ്റമാതൃക. അതോടെ സഹസ്രാബ്ദങ്ങളായി മാനവസംസ്‌കൃതി മനുഷ്യക്കുഞ്ഞുങ്ങളിലേക്ക് നീട്ടിയെടുത്ത സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മൃദുലതന്തുക്കളായിരിക്കും
ഒറ്റയടിക്ക് തകര്‍ക്കപ്പെടുന്നത്
ഭാരതമെന്നുപറഞ്ഞാല്‍ ഇന്നൊരു ലൈംഗികക്കുറ്റരാജ്യമായി മാറിയിരിക്കയാണല്ലോ. ബസ്സിലും ട്രെയിനിലും പൊതുസ്ഥലങ്ങളിലും ബലാത്സംഗം, അച്ഛന്റെയും മുത്തച്ഛന്റെയും അയല്‍ക്കാരന്റെയും കരവലയങ്ങളില്‍ ബാലപീഡനം, ഫോണിലൂടെയും മെയിലിലൂടെയും ഫേസ്ബുക്കിലൂടെയും സ്ത്രീയ്ക്കുവേണ്ടി വിരിക്കുന്ന ചതിവലകള്‍...ഈയവസരത്തില്‍ സര്‍ക്കാര്‍ പേപിടിച്ച് നടത്തുന്ന നിയമനിര്‍മാണങ്ങള്‍ എലിയെക്കൊല്ലാന്‍വേണ്ടി ഇല്ലം ചുടുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കും എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് അടുത്തിടെ പാസാക്കിയ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട്. എന്തുകൊണ്ടെന്നാല്‍ ഇന്ത്യാരാജ്യത്തെ ജനസംഖ്യയുടെ ചെറിയൊരു ശതമാനംപോലും തികയാതിരിക്കുന്ന ബാലപീഡകരെ ഒതുക്കാനായി മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള സ്‌നേഹവാത്സല്യങ്ങള്‍ മുച്ചൂടും മുടിക്കുന്ന വകുപ്പുകളാണ് ആ നിയമത്തില്‍ നമ്മുടെ പാര്‍ലമെന്റ് എഴുതിവെച്ചിരിക്കുന്നത്. അതായത് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന സെക്ഷ്വല്‍ പെനട്രേഷന്‍, സെക്ഷ്വല്‍ അസോള്‍ട്ട് എന്നിവയുടെകൂടെ കുട്ടികളെ തമാശയാക്കുന്നതും തൊടുന്നതും ആലിംഗനം ചെയ്യുന്നതുമെല്ലാം മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവില്‍ക്കിടക്കേണ്ട കുറ്റകൃത്യമാക്കി മാറ്റിയിരിക്കുന്നു (തീര്‍ച്ചയായും ഇവയെല്ലാം ലൈംഗികോദ്ദേശ്യത്തോടെ നടത്തുന്നതാണെങ്കില്‍).
ഇവിടെയാണ് ലൈംഗികോദ്ദേശ്യം എന്ന വാക്കിന്റെ വികടത അടങ്ങാത്ത വിഷസ്രാവംനടത്തി രാജ്യത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയിലെ സ്‌നേഹവാത്സല്യങ്ങള്‍ മൊത്തം കാര്‍ന്ന് തീര്‍ക്കുക. എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് നോക്കാം. ഒരു കുഞ്ഞ് ഭൂമിയില്‍ ജാതനായാല്‍ സഹജീവികളോടും സമൂഹത്തോടുമുള്ള ബന്ധം വളരുന്നത് തന്നിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മുതിര്‍ന്നവരോടുള്ള വിനിമയങ്ങളിലൂടെയാണ്. മുലഞെട്ട് വായില്‍ തിരുകിക്കൊടുക്കുന്ന അമ്മയുടെ വാത്സല്യത്തില്‍നിന്നുതന്നെ ഈ വിനിമയം ആരംഭിക്കുന്നു. മുലപ്പാലിനുവേണ്ടിയുള്ള കരച്ചിലില്‍നിന്നാണ് കുഞ്ഞിന്റെ ശബ്ദം ഉറച്ചുകിട്ടുന്നത്. അമ്മയുടെ സ്പര്‍ശത്തില്‍നിന്നാണ് അവന്റെ/അവളുടെ സ്പര്ശേന്ദ്രിയങ്ങള് ഉണരുന്നത്. അമ്മയെ തേടിപ്പിടിക്കുന്നതിനുവേണ്ടിയാണ് ആ കൃഷ്ണമണികള്‍ പ്രവര്‍ത്തിക്കുന്നതും ശരീരപേശികള്‍ ചലിക്കുന്നതുമെല്ലാം.
അമ്മയോടുള്ള കുഞ്ഞിന്റെ ബന്ധം സമൂഹവുമായുള്ള ബന്ധമായി വളരുന്നതിന് അവനെ/അവളെ തേടിയെത്തുന്ന അച്ഛന്‍, സഹോദരങ്ങള്‍, കുടുംബക്കാര്‍, അയല്‍ക്കാര്‍ എന്നിവരുമായുള്ള വിനിമയങ്ങള്‍ തുടര്‍ന്ന് സഹായിക്കുന്നു. അച്ഛന്റെ സ്പര്‍ശവും ലാളനയും വിരല്‍ പിടിച്ചുള്ള നടത്തലും പുതിയൊരു അനുഭവലോകത്തെയാണ് കുഞ്ഞിന് പ്രദാനംചെയ്യുന്നത്. പിന്നീട് കുടുംബക്കാരുടെ കൊഞ്ചിക്കലും കവിളത്ത് തട്ടലും കെട്ടിപ്പിടിക്കലും വൈകാരികപ്രപഞ്ചത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. അയല്‍ക്കാരില്‍ നിന്നുള്ള കളിവാക്കുകളും തമാശപറച്ചിലുകളും കുഞ്ഞിന്റെ ബുദ്ധിശക്തിമാത്രമല്ല ആത്മബോധവും പുഷ്ടിപ്പെടുത്താന്‍ ഉതകുന്നതായിരിക്കും.
ഇങ്ങനെയുള്ള സാംസ്‌കാരിക പഠനപ്രക്രിയയെയാണ് ലൈംഗികോദ്ദേശ്യം എന്ന ആരോപണസാധ്യതയാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. എന്തെന്നാല്‍ തങ്ങള്‍ക്ക് അമൃതതുല്യമാകുന്ന മുതിര്‍ന്നവരുടെ വാക്കുകളും സ്പര്ശങ്ങളും ലൈംഗികോദ്ദേശ്യത്തോടെയാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയുകയില്ലല്ലോ. അതിനാല്‍ എല്ലാറ്റിനെയും പേടിക്കുക, എല്ലാറ്റിനെയും വെറുക്കുക, എല്ലാറ്റിനെയും തിരസ്‌കരിക്കുക എന്നതായിരിക്കും അവര്‍ക്ക് ഉരുത്തിരിച്ചെടുക്കാവുന്ന പെരുമാറ്റമാതൃക. വിവേകം തീണ്ടാത്ത ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും കൗണ്‍സലര്‍മാരും അതിനുള്ള പ്രേരണ കുഞ്ഞുങ്ങളില്‍ ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അതോടെ സഹസ്രാബ്ദങ്ങളായി മാനവസംസ്‌കൃതി മനുഷ്യക്കുഞ്ഞുങ്ങളിലേക്ക് നീട്ടിയെടുത്ത സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മൃദുലതന്തുക്കളായിരിക്കും ഒറ്റയടിക്ക് തകര്‍ക്കപ്പെടുന്നത്. എപ്പോഴും തങ്ങളെ ക്രിമിനല്‍ക്കുറ്റത്തില്‍ ചാടിക്കാവുന്ന അപകടബോംബുകളായി അമ്മാവന്മാരും മുത്തച്ഛന്മാരും സ്വന്തക്കാരും ബന്ധക്കാരും എന്തിന്, അച്ഛന്‍പോലും പാവം കുട്ടികളെ കാണാനും തുടങ്ങും.
ലൈംഗികത എന്ന മനുഷ്യന്റെ അടിസ്ഥാന വികാരത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ ദയനീയമായ വിവരക്കേട് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ടിലെ ലൈംഗികോദ്ദേശ്യ പ്രയോഗത്തിലുണ്ടെന്ന് കാണാം. എത്രയോ കാലംമുമ്പ് സിഗ്മണ്ട് ഫ്രോയിഡെല്ലാം കണ്ടെത്തിയിട്ടുള്ളതുപോലെ ലിബിഡിനല്‍ എനര്‍ജിയാണ് (സെക്‌സ് എനര്‍ജി) മനുഷ്യനില്‍ ജീവിതാസക്തിയും സര്‍ഗാത്മകതയുമെല്ലാം കരുപ്പിടിപ്പിക്കുന്ന പ്രാണശക്തി. ഒരിക്കലും വ്യവഹാരികാര്‍ഥത്തിലുള്ള ലൈംഗികാസക്തിയോ ലൈംഗികാക്രമണത്വരയോ അല്ലിത്. ഓക്‌സിജനും ഹൈഡ്രജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നതെങ്കിലും ജലത്തിന്റെയും ഈ വാതകങ്ങളുടെയും ഭൗതികഗുണങ്ങള്‍ (ഫിസിക്കല്‍ പ്രോപ്പര്‍ട്ടീസ് ) എത്രത്തോളം വ്യത്യസ്തമാണോ അത്രത്തോളം അജഗജാന്തരം പ്രത്യക്ഷ ലൈംഗികതയും മനുഷ്യന്റെ രതിഊര്‍ജവും തമ്മിലുണ്ട്.
അതുകൊണ്ട് കുഞ്ഞിന് മുലകൊടുക്കാനുള്ള അമ്മയുടെ ആകാംക്ഷയിലും മകളോട് അച്ഛന് തോന്നുന്ന പ്രത്യേക സ്‌നേഹത്തിലും മരുമകനെക്കാള്‍ മരുമകളെ കെട്ടിപ്പിടിക്കുന്ന അമ്മാവന്റെ ആവേശത്തിലും അടുത്ത ഫ്‌ളാറ്റിലെ മക്കളോട് തമാശ കാച്ചുന്ന അങ്കിളിന്റെ വാചാലതയിലും സെക്‌സാണ് ഉള്ളതെങ്കിലും അതില്‍ ലജ്ജിക്കാനൊന്നുമില്ല. പാപശങ്കയെക്കുറിച്ച് ഭയപ്പെടാനുമില്ല. നേരേമറിച്ച് ആത്മാവുപോലെ അദൃശ്യമായ രതിയുടെ ഈ ഏറ്റുകൊള്ളലുകള്‍ കുട്ടികളുടെ വ്യക്തിത്വവികാസത്തെ ഗുണപരമായി സ്വാധീനിക്കുകയും സമൂഹവുമായുള്ള അവരുടെ വൈകാരികത ഊട്ടിയുറപ്പിക്കുകയുമാണ് ചെയ്യുന്നത്.ഈ രതിവിലാസത്തെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ടിലെ ലൈംഗികോദ്ദേശ്യത്തില്‍ പെടുത്തുകയാണെങ്കില്‍ മുല കൊടുക്കുന്ന സകല അമ്മമാരെയും കുഞ്ഞുങ്ങളെ കളിപ്പിക്കുന്ന സകല അച്ഛന്മാരെയും ഈ രാജ്യത്ത് ജയിലിലടയ്‌ക്കേണ്ടിവരും.
അതിനാല്‍ സെക്ഷ്വല്‍ ഒഫന്‍സ് എഗന്‍സ്റ്റ് ചില്‍ഡ്രനില്‍ സെക്ഷ്വല്‍ പെനട്രേഷനും സെക്ഷ്വല്‍ അസോള്‍ട്ടും ഒഴികെ കമന്റടിയും തൊടലും ആലിംഗനവുമെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത് തികച്ചും അശാസ്ത്രീയവും ആഭാസകരവുമാണ്. സ്‌നേഹം സ്വീകരിച്ച് വളരാനുള്ള മനുഷ്യാവകാശത്തെയാണ് ഈ വകുപ്പിലൂടെ സര്‍ക്കാര്‍ ഇളംകുഞ്ഞുങ്ങളില്‍നിന്ന് നിഷ്ഠുരം തട്ടിപ്പറിച്ച് വലിച്ചെറിയുന്നത്.
30 വയസ്സിനെങ്കിലും മുകളിലുള്ള പുരുഷസുഹുത്തുക്കളേ, സ്ത്രീസുഹൃത്തുക്കളേ ആലോചിച്ച് നോക്കൂ, കുട്ടിക്കാലത്ത് നമ്മെ താടിപിടിച്ചും തലമുടിയില്‍ തടവിയും ഇഷ്ട-സുരക്ഷകളുടെ സ്വര്‍ഗം പകര്‍ന്ന നല്ലവരായ മനുഷ്യരെ ലൈംഗികപീഡനത്തിന്റെ കരിനിഴലില്‍വീഴ്ത്തി മുന്‍കാലപ്രാബല്യത്തോടെ ശിക്ഷവിധിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്?!
ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരുകാര്യം മനുഷ്യന്റെ ലൈംഗികവ്യക്തിത്വപ്രാപ്തി പതിനെട്ടാം പിറന്നാള്‍ദിവസം ഒരു സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിച്ചുകൊള്ളുന്ന മോട്ടോറോ ലിവറോ അല്ല എന്നതാണ്. ശൈശവംമുതല്‍ക്കേ മാതാപിതാക്കളും മറ്റ് മുതിര്‍ന്നവരുമായും തൊട്ടും പിടിച്ചും കളിച്ചും തലകുത്തി മറിഞ്ഞുമാണ് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ലൈംഗികോര്‍ജം രതിയുടെ ഉദാത്തഭാവങ്ങളിലേക്ക് വസന്തപ്പെടുന്നത്. എന്‍.എസ്. മാധവന്റെ ഒരു കഥയില്‍ ആദ്യലൈംഗികവേഴ്ചയ്ക്കുശേഷം അച്ഛന്റെ സ്‌നേഹം താന്‍ ധൂര്‍ത്തടിച്ചതായി തോന്നി കാമുകനെ കെട്ടിപ്പിടിച്ച് കാമുകി കരയുന്ന രംഗമുണ്ട്. അതില്‍ ഈ മനഃശാസ്ത്രമാണ് ആവിഷ്‌കരിക്കുന്നത്. കരുതലും ത്യാഗവും സമര്‍പ്പണവുമടങ്ങുന്ന പ്രണയമായി സെക്‌സ് ചിറകുവിടര്‍ത്തണമെങ്കില്‍ അതിന് അതിന്റെ അനിവാര്യമായ പ്യൂപ്പദശയിലൂടെ കടന്നുപോകുകതന്നെ വേണം. അല്ലെങ്കില്‍ പൂമ്പാറ്റയ്ക്കുപകരം പ്ലാസ്റ്റിക് ശലഭമായിരിക്കും നിര്‍മിക്കപ്പെടുക.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ടിലെ തലതിരിഞ്ഞ വകുപ്പുകള്‍ ലിബിഡോ എനര്‍ജിയുടെ സ്വാഭാവികവളര്‍ച്ചയെ തടസ്സപ്പെടുത്തി അതിഭയങ്കരമായ മാനസിക-ശാരീരിക സംഘര്‍ഷങ്ങളായിരിക്കും കുട്ടികളില്‍ സൃഷ്ടിക്കുക. തങ്ങള്‍ക്കുകിട്ടേണ്ട വൈകാരികലോകത്തിന്റെ കടുത്ത നിഷേധം അതിനോട് വെറുപ്പും അസൂയയും അക്രമോത്സുകതയും ഇളംമനസ്സുകളില്‍ ഊട്ടിവളര്‍ത്തുകതന്നെ ചെയ്യും. ഡല്‍ഹിയില്‍ ബസ്സില്‍വെച്ച് ബലാത്സംഗത്തിന് വിധേയയായ ജ്യോതിയെ ഏറ്റവും പൈശാചികമായി ആക്രമിച്ചത് ഒരു 17 വയസ്സുകാരനായിരുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. എങ്ങനെ ഒരു കൗമാരക്കാരന്‍ കുട്ടിക്ക് സ്വന്തം ചേച്ചിയെപ്പോലുള്ളവളോട് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞു? കുറച്ചുവര്‍ഷംമുമ്പ് തന്നെ വെളിച്ചംകാണിച്ച കാരുണ്യകവാടത്തെ കമ്പിപ്പാരവെച്ച് കുത്തിക്കുഴിക്കാന്‍ കഴിഞ്ഞു? മാതാപിതാക്കളില്‍നിന്നും സ്വന്തക്കാരില്‍നിന്നും ബന്ധക്കാരില്‍നിന്നും ലാളനകളുടെ സ്പര്ശലേശംപോലും കിട്ടാതെ വളര്‍ന്ന പ്ലാസ്റ്റിക് പടപ്പുതന്നെയായിരിക്കും അവന്‍.
ഈ അവസരത്തില്‍ ഉയര്‍ന്നുവരാവുന്ന ചോദ്യം അമേരിക്ക, യൂറോപ്പ് പോലുള്ള വികസിതരാജ്യങ്ങളില്‍ കുട്ടികളെ തീണ്ടിക്കൂടെന്ന പ്രാകൃതനിയമം നിലനില്‍ക്കുന്നുണ്ടല്ലോ എന്നതാണ്. വ്യക്തിയും വ്യക്തിയും, വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം പരിതാപകരമാംവണ്ണം ശോചനീയമായ നരകങ്ങളാണ് പല പരിഷ്‌കൃതരാജ്യങ്ങളെന്നും അവരുടെ അര്‍ബുദങ്ങളിലും അര്‍ബുദചികിത്സകളിലും എത്തിപ്പെടാതിരിക്കാനാണ് നാം ശ്രമിക്കേണ്ടതെന്നുമാണ് ഇതിനുള്ള ഉത്തരം. വ്യക്തികള്‍ക്കിടയിലെ സഹിക്കാന്‍ വയ്യായ്കയുടെ കടുപ്പംകൊണ്ട് ആണും പെണ്ണും വിവാഹിതരാകാന്‍കൂടി കൂട്ടാക്കാത്ത അവസ്ഥയാണ് കുറേ സമ്പന്നരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നത്. ജനസംഖ്യയുടെ ഭീതിദമായ വീഴ്ചയില്‍ പേടിച്ച് പൗരന്മാരെ കല്യാണം കഴിപ്പിക്കാനും കുട്ടികളെ ഉണ്ടാക്കിപ്പിക്കാനും സിംഗപ്പൂര്‍പോലുള്ള രാജ്യങ്ങള്‍ ഇനാമുകള്‍ പ്രഖ്യാപിച്ചിരിക്കയാണ്. എന്നിട്ടും പുതിയ ചെറുപ്പക്കാര്‍ക്കും ചെറുപ്പക്കാരികള്‍ക്കും മൊബൈല്‍ഫോണുകളെമാത്രമേ തൊടാനോ പിടിക്കാനോ ചുണ്ടോടുചേര്‍ക്കാനോ താത്പര്യമുള്ളൂ. കുടുംബബന്ധങ്ങളില്‍ അവിശ്വാസത്തിന്റെ പടുകുഴികള്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അമ്മമാരെയോ അച്ഛന്മാരെയോ നമ്പാന്‍വയ്യാത്ത ഗതികേടും സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയിലുംമറ്റും കുഞ്ഞിന് ബുദ്ധിയുറച്ചാല്‍ ആദ്യം പഠിപ്പിച്ചുകൊടുക്കുന്ന സംഗതി തന്തയോ തള്ളയോ ഉപദ്രവിക്കുന്നപക്ഷം പോലീസ്‌സ്റ്റേഷനില്‍ പരാതിപ്പെടേണ്ട ഫോണ്‍നമ്പറാണ്. ഒരുവിധം പണിയെടുക്കാവുന്ന പ്രായം കുട്ടികള്‍ക്ക് എത്തുമ്പോഴേക്ക് സ്വസുഖഹന്താക്കളെന്നനിലയ്ക്ക് അവരെ സായ്പ്പും മദാമ്മയും കൊത്തിയാട്ടുകയും ചെയ്യും. പാശ്ചാത്യരാജ്യങ്ങളില്‍ കുട്ടികള്‍ സഹിക്കേണ്ടിവരുന്ന സ്‌നേഹരാഹിത്യവും വൈകാരിക അരക്ഷയും ഭൂകമ്പപ്പെടുന്നതാണ് ബോസ്റ്റണില്‍ 15 വയസ്സുകാരന്‍ 25 സഹപാഠികളെ വെടിവെച്ചുകൊന്നു, ടെക്‌സാസില്‍ 17-കാരന്‍ അധ്യാപകരെ മുഴുവന്‍ തോക്കിനിരയാക്കി തുടങ്ങിയ വാര്‍ത്തകള്‍. ഇത്തരം പൈശാചിക സംഭവങ്ങള്‍ക്കുപുറമെ സായിപ്പിന്റെയും മദാമ്മയുടെയും സന്താനങ്ങള്‍ പഠനകാര്യങ്ങളില്‍ കുടുംബപിന്തുണയുള്ള ഇന്ത്യന്‍കുട്ടികളുടെ പിന്നിലായിപ്പോകുന്ന പ്രശ്‌നവും അവിടെ ഗുരുതരമായിട്ടുണ്ട്.
ആധുനികമായ ആര്‍ത്തിസംസ്‌കൃതിയുടെ സ്വാധീനത്താല്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന അധ്യാപകരും കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന ബന്ധക്കാരും മക്കളെ ഭോഗിക്കുന്ന അച്ഛന്മാരും നമ്മുടെ നാട്ടിലും പെരുകുന്നുണ്ടായിരിക്കാം. അതിനെതിരെ ശിക്ഷാനടപടികളോടൊപ്പം സാംസ്‌കാരികശിക്ഷണവും നിരന്തരം നടത്തിക്കൊണ്ടിരിക്കണം. അതേസമയം ആങ്ങള, അമ്മാവന്‍, വല്യച്ഛന്‍, ഇളയച്ഛന്‍, മച്ചുനിയന്‍ തുടങ്ങി മാതാപിതാക്കള്‍ക്കുപുറമെ ഒരു പെണ്‍കുട്ടിക്ക് സ്‌നേഹവും വാത്സല്യവും സംരക്ഷണവും നല്‍കുന്ന എത്രയോ ആണ്‍പദവികള്‍ ഈ രാജ്യത്തെ സാമൂഹികതയില്‍ നിലനിന്നിരുന്നു, ഇന്നും നിലനില്‍ക്കുന്നുണ്ട് എന്ന് ഓര്‍ക്കുക. പെണ്‍കുട്ടികളും ആണ്‍കുട്ടികളും സര്‍ക്കാര്‍ കാവല്‍നില്‍ക്കേണ്ട ലൈംഗിക വെടിക്കെട്ടുകളാണെന്ന പ്രതീതി നിയമത്തിലൂടെ സൃഷ്ടിച്ചാല്‍ അത്തരം പദവികളെല്ലാം അസ്ഥിരപ്പെടുകതന്നെ ചെയ്യും. ലെവന്‍ കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍പോലെ ഡെയ്ഞ്ചര്‍ ബോര്‍ഡുകള്‍ കുട്ടികളുടെ കഴുത്തില്‍ കെട്ടിത്തൂക്കുമ്പോള്‍ സ്‌നേഹനിരാസത്താല്‍ അവര്‍ ചൂട്ടുപഴുക്കുമെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നും നമ്മള്‍ മനസ്സിലാക്കേണ്ടതാണ്.(കടപ്പാട് മാതൃഭൂമി 28/01/2013 ലിങ്ക്)